കുഴിയാന വിശേഷങ്ങള്‍


വന്‍ ആനയല്ല, ഉറുമ്പല്ല, സിംഹമല്ല, യഥാര്‍ത്ഥ തുമ്പിയുമല്ല... എന്നിട്ടും ഇവന് പേര് കുഴിയാനതുമ്പി... ഇംഗ്ലീഷില്‍ Antlion....! കുട്ടിക്കാലത്ത് കുഴിയില്‍ തോണ്ടി കുഴിയാനയെ പുറത്തെടുക്കാന്‍ നോക്കിയത് ഓര്‍മ്മയുണ്ടോ? വായിക്കൂ.. ഇനി അല്‍പ്പം കുഴിയാനക്കാര്യങ്ങള്‍ ....



  • സാധാരണ തുമ്പിയെ പോലെ തോന്നുന്ന ഒരു  ഷഡ്പദമാണ് കുഴിയാന തുമ്പി അഥവാ ആന്‍റ്ലയണ്‍ (Antlion). Distoleon tetragrammicus എന്നാണു ശാസ്ത്രനാമം. ലോകത്ത് രണ്ടായിരത്തോളം ഇനം കുഴിയാന തുമ്പികള്‍ ഉണ്ടത്രേ. 
  • കുഴിയാനതുമ്പികള്‍ മുട്ടയിടുന്നത് മണ്ണിലാണ്. മുട്ട വിരിഞ്ഞു വരുന്ന ലാര്‍വകളാണ് നാം സാധാരണ കാണാറുള്ള കുഴിയാന. തുമ്പിയുടെ ലാര്‍വയാണ് കുഴിയാന എന്ന് പറയാറുണ്ട്‌. എന്നാല്‍ കുഴിയാനത്തുമ്പിയുടെ ലാര്‍വ എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. കാരണം യഥാര്‍ത്ഥ തുമ്പികള്‍ക്ക് ലാര്‍വയില്ല. അവ മറ്റൊരു ഗോത്രമാണ് താനും.
  • കുഴിയാനക്ക്‌  ഏതാണ്ട് അര സെ.മീ വലിപ്പം കാണും.  നനവില്ലാത്ത  പൂഴിമണലിലും പൊടിമണ്ണിലും കുഴികളുണ്ടാക്കി അവ അതില്‍ ഒളിച്ചിരിക്കുന്നു. എന്തിനെന്നോ? ഇര പിടിക്കാന്‍ തന്നെ. 
  • കുഴിയാന കുഴിയുണ്ടാക്കുന്നത് ഒരു പ്രത്യേക രീതിയില്‍ ആണ്. അതായത് പുറകോട്ടു വട്ടം കറങ്ങി..! ആ കറക്കത്തില്‍ മുകളില്‍ വാവട്ടം കൂടിയും (ഏതാണ്ട് ഒരു ഇഞ്ച്‌ വ്യാസം) അടിയില്‍ കുറഞ്ഞും വരുന്ന കോണ്‍ ആകൃതിയിലുള്ള  കുഴികള്‍ രൂപപ്പെടുന്നു.  നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത തണുത്ത ഇടങ്ങളിലാണ് കുഴികൾ കാണപ്പെടുക.
 
  • ഉറുമ്പുകളോ മറ്റു ചെറുജീവികളോ കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോൾ മണൽ ഇടിയുന്നു. അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു. തിരികെ കയറുവാൻ‍ അവക്ക് കഴിയില്ല. അതിനു ശ്രമിച്ചാല്‍ വീണ്ടും മണല്‍ ഇടിയുകയാവും ഫലം. വല്ലാത്ത കെണി തന്നെ അല്ലെ? ചിലപ്പോള്‍ സ്വയം വീഴാന്‍ കാത്തു നില്‍ക്കാതെ കുഴിയാന മണൽ തെറിപ്പിച്ച് ഇരയെ കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കാറുണ്ട്. ഉറുമ്പുകളെ ശാപ്പിടുന്നത് കൊണ്ടാവാം Antlion എന്ന പേര് കിട്ടിയിട്ടുണ്ടാവുക.
  • മറ്റൊരു വിശേഷം കൂടി: കുഴിയാന പുറകോട്ട് മാത്രമെ സഞ്ചരിക്കുകയുള്ളു..!

2 Comments

  1. didn't the dragon fly has got larval stage....?

    ReplyDelete
    Replies
    1. No. Dragonfly has no larval stage. The young one of dragon fly is called Nymph (not larva). Nymph resembles the adult.

      Delete
Post a Comment