ഗൃഹാതുരത്വത്തിന്റെ പുസ്തകത്താളുകളില്‍ എവിടെയോ നിങ്ങളും ഒരു മയില്‍ പീലി സൂക്ഷിച്ചിരുന്നില്ലേ? പീലി മാത്രം കണ്ടാല്‍ പോര. പീലിയുടെ ഉടമയെ കുറിച്ചും നാം ചിലതറിയണം. നമ്മുടെ ദേശീയ പക്ഷി എന്ന ആദരണീയ സ്ഥാനം അലങ്കരിക്കുന്നവരായിരിക്കെ വിശേഷിച്ചും.
ആദ്യം ഞങ്ങളെ പരിചയപ്പെടൂ
Indian Peacock (Pavo cristatus) |
വിശേഷങ്ങള്‍ പറയും മുമ്പ് ഞങ്ങള്‍ മയിലുകള്‍ ഏതു വര്‍ഗക്കാര്‍ ആണെന്ന് അറിയണം. ജന്തുലോകത്തെ പക്ഷി (Aves) വിഭാഗത്തില്‍ ആണെന്ന് അറിയാത്ത ആരും കാണില്ല. എന്നാല്‍ ആ വിലാസം പൂര്‍ണമല്ല കേട്ടോ. താഴെ കൊടുത്തതാണ് പൂര്‍ണമായ വിലാസം. ഞങ്ങളെ അവിടെ അന്വേഷിച്ചാല്‍ മതി.
നിങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്ന കോഴികളും ഞങ്ങളും ഒരേ കുടുംബക്കാരാണ് .
സാമ്രാജ്യം (Kingdom)
|
Animalia
|
ഫൈലം (Phylum)
|
Chordata
|
ക്ലാസ്സ് (Class)
|
Aves
|
ഉപവർഗ്ഗം (Subclass)
|
Neornithes
|
ഉപരിനിര (Super order)
|
Galloanserae
|
നിര (Order)
|
Galliformes
|
കുടുംബം (Family)
|
Phasianidae
|
ജനുസ്സ് (Genus)
|
Pavo
|
Species
|
Pavo cristatus, Pavo muticus
|
മൂന്നു തരം മയിലുകളാണ് ലോകത്ത് സാധാരണ കണ്ടു വരുന്നത്.
- ഇന്ത്യന്‍ മയില്‍ (Pavo cristatus): ഇതിനെ നീലമയില്‍ എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ദേശീയപക്ഷി എന്ന ബഹുമതി ഇതിനാണ്.
- പച്ച മയില്‍ (Pavo muticus): ഇത് അപൂര്‍വ ഇനമാണ്. ഡ്രാഗണ്‍ പക്ഷി എന്ന പേരിലും ഇതറിയപ്പെടുന്നു. ആസ്സാം, ഇന്തോനേഷ്യയിലെ ജാവദ്വീപ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ ഇത് കാണപ്പെടുന്നു.
- കോംഗോ മയില്‍ (Congo Peafowl / Afropavo congensis): ഈ ഇനം മധ്യ ആഫ്രിക്കയില്‍ ആണ് കാണപ്പെടുന്നത്.
Peacock എന്നാല്‍ ...
കൊച്ചു കുട്ടികള്‍ പോലും പറയും, Cock എന്നാല്‍ പൂവന്‍കോഴി (ആണ്‍ )യും Hen എന്നാല്‍ പിടക്കോഴി (പെണ്‍ )യുമാണ്. വെറും കോഴി എന്നതിന് fowl എന്ന വാക്കാണ് ഉപയോഗിക്കുക.
ഇനി ഞങ്ങളുടെ പരാതി വായിക്കൂ:
സാധാരണ മയിലിന് ഇംഗ്ലീഷില്‍ എന്താണ് പേരെന്ന് ചോദിക്കുമ്പോള്‍ Peacock എന്നാണ് ഉത്തരം പറയാറ്. എന്നാല്‍ Peacock ന്റെ അര്‍ഥം ആണ്‍മയില്‍ എന്നാണ്. പെണ്‍മയിലിന് Peahen എന്നും പറയും. അപ്പോള്‍ മയില്‍ എന്ന് പറയാന്‍ ഏതു പദമാണ് ഉപയോഗിക്കുക? Peafowl എന്ന് തന്നെ. എന്താണ് ഈ സ്ത്രീ വിവേചനത്തിന് കാരണമെന്നല്ലേ? അത് താഴെ വായിക്കൂ.
പീലിയേഴും വീശി വാ ...
മയില്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ അഴകുള്ള പീലികളുള്ള ആണ്‍മയിലിനെ മാത്രമല്ലേ ഓര്‍മ്മ വരൂ. പെണ്‍മയിലിനു അങ്ങനെ ഭംഗിയുള്ള പീലികള്‍ ഇല്ല. അല്ലെങ്കിലും പക്ഷികളില്‍ ആണുങ്ങള്‍ക്കാണ് സൗന്ദര്യം വാരിക്കോരി കൊടുത്തിരിക്കുന്നത്. പൂവന്‍ കോഴിയാണോ പിടക്കോഴിയാണോ കൂടുതല്‍ ഭംഗി?
പെണ്‍മയിലും ആണ്‍മയിലും |
ആണ്‍മയിലുകളുടെ പീലികള്‍ നിറഞ്ഞ വാലും പെണ്‍മയിലിന്റെ വാലും താരതമ്യം ചെയ്തു നോക്കൂ. ആര്‍ക്കാണ് സൗന്ദര്യം കൂടുതല്‍ എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൂടാതെ തലയില്‍ ഭംഗിയുള്ള പൂവും ആണ്‍മയിലിനുണ്ട്.
പീലികള്‍ |
ഇന്ത്യന്‍ ആണ്‍മയിലിന്റെ പീലികള്‍ നീലയും പച്ചയും കലര്‍ന്നതാണ്. എന്നാല്‍ പെണ്‍മയിലുകളുടെ തൂവലുകള്‍ ഇരുണ്ട പച്ച, തവിട്ട്, ചാരനിറങ്ങള്‍ ഇടകലര്‍ന്നാണ് കാണപ്പെടുക.
പച്ച മയിലിന്റെ പീലികള്‍ പച്ചയും സ്വര്‍ണ വര്‍ണവും ചേര്‍ന്നതാണ്.
പച്ച മയിലിന്റെ പീലികള്‍ പച്ചയും സ്വര്‍ണ വര്‍ണവും ചേര്‍ന്നതാണ്.
പച്ച മയില്‍ |
മയിലുകളുടെ തൂവലുകളുടെ മനോഹര വര്‍ണങ്ങള്‍ക്ക് കാരണം ഏതെങ്കിലും വര്‍ണ വസ്തുകളുടെ സാന്നിധ്യമല്ല. പ്രകാശം വിവധ കോണുകളില്‍ പതിക്കുമ്പോള്‍ തൂവലുകളിലെ സവിശേഷ കോശങ്ങള്‍ പ്രിസം പോലെ പ്രവര്‍ത്തിച്ചു പ്രകാശത്തിലെ വര്‍ണങ്ങളെ പ്രതിഫലിപ്പിക്കുകയാണ്.
മറ്റു പല പക്ഷികളിലും ഇങ്ങനെ തന്നെയാണ് വര്‍ണങ്ങള്‍ ഉണ്ടാവുന്നത്.
ചിലപ്പോള്‍ ഉല്‍പ്പരിവര്‍ത്തന(Mutation) ത്തിലൂടെ നിറം നഷ്ടപ്പെട്ടു വെള്ള നിറമുള്ള മയിലുകള്‍ ഉണ്ടാവാറുണ്ട്. താഴെയുള്ള ചിത്രം നോക്കൂ.
ചിലപ്പോള്‍ ഉല്‍പ്പരിവര്‍ത്തന(Mutation) ത്തിലൂടെ നിറം നഷ്ടപ്പെട്ടു വെള്ള നിറമുള്ള മയിലുകള്‍ ഉണ്ടാവാറുണ്ട്. താഴെയുള്ള ചിത്രം നോക്കൂ.
വെള്ള മയില്‍ (leucistic White Peafowl ) |
ഇത് പോലെ മറ്റൊരു ഇനം കൂടി കാണുക
Black-Shouldered Peafowl |
ഞങ്ങളുടെ മെനു
- മയിലുകള്‍ മിശ്രഭുക്കുകളാണ്. ചെടികളുടെ ഭാഗങ്ങള്‍, ഇലകള്‍, പൂക്കള്‍, വിത്തുകള്‍ തുടങ്ങിയവ മയിലുകളുടെ സസ്യാഹാരമാണ്. പ്രാണികള്‍, ഉരഗങ്ങള്‍ മുതലായവ മാംസാഹാരവും. ഉരഗങ്ങളില്‍ ചെറിയ പാമ്പുകളെയും ഇവ ശാപ്പിടാറുണ്ട്. വിഷപ്പാമ്പുകളെ തിന്നാലും ഇവക്ക് വിഷമേല്‍ക്കില്ലത്രേ.
- മയിലുകള്‍ ഇരതേടുന്നത് അധികവും രാവിലെയും വൈകുന്നേരവുമാണ് . ഉച്ചസമയവും രാത്രിയും വിശ്രമവേളയാണ്. മരപൊത്തുകളിലാണ് ഇവ വിശ്രമിക്കുക.
കൂട്ടു കൂടാന്‍ വാ ...
ഒന്നിലധികം പെണ്‍മയിലുകളുമായി കൂട്ടു കൂടുന്ന (Polygamous) സ്വഭാവമാണ് ആണ്‍ മയിലിനുള്ളത്. പെണ്‍മയിലിനെ ആകര്‍ഷിക്കുവാന്‍ വേണ്ടി ആണ്‍മയില്‍ പീലി നിവര്‍ത്തി ആടുന്നു. തന്റെ മേന്മ കാണിക്കാന്‍ വേണ്ടിയുള്ള നില്‍പ്പും ഭാവവുമൊക്കെ ആണ്‍മയില്‍ പ്രകടിപ്പിക്കുന്നു. തന്നോട് കൂട്ടു കൂടാന്‍ വേണ്ടിയുള്ള ക്ഷണം പെണ്‍മയില്‍ മൈന്‍ഡ് ചെയ്യണമെന്നില്ല.
നിലത്ത് ഇലകളും ചുള്ളിക്കമ്പുകളും മറ്റും ചേര്‍ത്തുണ്ടാക്കുന്ന കൂടാണ് മയിലിന്റെത്. നാല് മുതല്‍ എട്ടു വരെ മുട്ടകള്‍ അതില്‍ കാണും. പെണ്‍ മയില്‍ മാത്രമേ അടയിരിക്കൂ. 28 ദിവസങ്ങള്‍ കൊണ്ട് മുട്ടകള്‍ വിരിയുന്നു. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ പുറത്തു കേറിയിരിക്കും. അമ്മ അവയെയും കൊണ്ട് പറന്നു സുരക്ഷിതമായ മരച്ചില്ലയില്‍ എത്തിക്കുന്നു.
മയിലിന്റെ കൂടും മുട്ടകളും |
മയിലിന്റെ മുട്ട |
മയില്‍ കുഞ്ഞ് |
മറ്റു വിശേഷങ്ങള്‍
- മയിലുകള്‍ക്ക് വളരെച്ചെറിയ ദൂരം മാത്രമേ പറക്കാന്‍ കഴിയൂ. ഇവയുടെ കുടുംബത്തില്‍ പെട്ട കോഴികളും അങ്ങനെ തന്നെയാണല്ലോ.
- കേള്‍വിശക്തിയിലും കാഴ്ചശക്തിയിലും വളരെ മുമ്പന്മാരാണ് മയിലുകള്‍ . ശത്രുക്കളുടെ വരവ് പെട്ടെന്ന് മനസ്സിലാക്കാന്‍ ഇവയ്ക്ക് കഴിയും.
- ഹിന്ദുപുരാണത്തില്‍ യുദ്ധത്തിന്റെ ദേവനായ മുരുകന്റെ വാഹനമാണ് മയില്‍ . അത് പോലെ ശ്രീകൃഷ്ണന്റെ തലയില്‍ മയില്‍പീലി ഒരു അലങ്കാരമാണ്.
കൊള്ളാം നല്ല പോസ്റ്റ് . കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. വെള്ള മയിലിനെ ഞാന്‍ ഒരു മൃഗശാലയില്‍ കണ്ടതോര്‍ക്കുന്നു.
ReplyDeleteകൊള്ളാം... മയിലിനെക്കുറിച്ച് വ്യക്തമായി അറിയാനായി... പണ്ട് കാട്ടിൽ പീലി വിടർത്തി ആടുന്ന മയിലിനെ കണ്ടപ്പോളൊന്നും മയിലിനെ ഇത്രയും നന്നായി അറിഞ്ഞിട്ടില്ല എന്നു പറയാം...
ReplyDeleteവളരെ നന്ദി
മയില്‍ പോസ്റ്റ് കൊള്ളാം..
ReplyDeleteഎന്നാല്‍ മയിലെണ്ണയെപ്പറ്റിയൊന്നും പറഞ്ഞില്ല..!!
ആശംസകള്‍
സോറി . മയിലിന്റെ നെയ്യ് ഉരുക്കി ഉണ്ടാക്കുന്നതാണ് മയിലെണ്ണ എന്നറിയാം. അതിലപ്പുറം അറിയില്ല. ചില ലാട വൈദ്യന്മാര്‍ ആളെ പറ്റിക്കാന്‍ മയിലെണ്ണ നല്ല ലൈംഗിക ശക്തി തരും എന്നൊക്കെ പറഞ്ഞു വില്‍ക്കാരുള്ളതായി കേട്ടിട്ടുണ്ട്.
DeleteGood information!!
ReplyDelete