ഉറുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites). ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍ വായിക്കൂ.
ഞങ്ങളുടെ കുടുംബം
- ഇംഗ്ലീഷില്‍ white ant (വെള്ള ഉറുമ്പ്) എന്നൊരു പേര് കൂടി ചിതലുകള്‍ക്കുണ്ട്. എന്നാല്‍ ഇവ ഉറുമ്പുകളുമല്ല, നിറം വെള്ളയുമല്ല. ഉറുമ്പും ചിതലും പ്രാണികള്‍ ആണെങ്കിലും വെവ്വേറെ ഗോത്ര (Order) ക്കാരാണ്. ഉറുമ്പ് ഹൈമെനോപ്റ്റിറ (Hymenoptera) എന്ന ഗോത്രത്തിലും ചിതലുകള്‍ ഐസോപ്റ്റിറ (Isoptera) എന്ന ഗോത്രത്തിലുമാണ് വരുന്നത്.
- ലോകത്ത് ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിലാണ് ചിതലുകളെ കൂടുതലായി കണ്ടുവരുന്നത്.
- ഒരു ചിതല്‍ കോളനിയിൽ സാധാരണയായി ചിതല്‍ റാണി (Queen), രാജാവ് (King), ജോലിക്കാർ (Workers), പട്ടാളക്കാർ (Soldiers), നിംഫുകൾ ( Nymphs- കുഞ്ഞുങ്ങള്‍ ), പ്രത്യുത്പാദന ശേഷിയുള്ളവർ എന്നീ വിഭാഗക്കാരെ കാണാം. ഓരോത്തര്‍ക്കും അവരുടെതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. എങ്കില്‍ മാത്രമേ ആ കോളനി നല്ല രീതിയില്‍ മുന്നോട്ടു പോകൂ.
Formosan subterranean termite soldiers (red colored heads) and workers (pale colored heads). |
- ചിതലുകള്‍ പലയിനമുണ്ട്. അവയുടെ വിവിധ കുടുംബങ്ങളെ പരിചയപ്പെടൂ.
- മാസ്റ്റോടെര്‍മിറ്റിഡുകള്‍ (Mastotermitidae)
- കാലോടെര്‍മിറ്റിഡുകള്‍ (Kalotermitidae or Dry wood termite)
- ടെര്‍മോപ്സിഡുകള്‍ (Termopsidae)
- ഹോഡോടെര്‍മിറ്റിഡുകള്‍ (Hodotermitidae or Damp wood termites)
- റൈനോടെര്‍മിറ്റിഡുകള്‍ (Rhinotermitidae - Subterranean termites & Formosan termites)
- സെറിടെര്‍മിറ്റിഡുകള്‍ (Serritermitidae)
- ടെര്‍മിറ്റിഡുകള്‍ (Termitidae)
റാണിയാണ് പക്ഷെ ജീവിതം ഭാരിച്ചതാണ്...!!
- സാധാരണ ഒരു റാണിയാണ് കോളനിയില്‍ ഉണ്ടാവുക. അപൂര്‍വമായി ഒന്നിലധികവും വരാറുണ്ട്. റാണി അസാധാരണ വലിപ്പം ഉള്ളവയാണ്. തേനീച്ച കോളനിയില്‍ റാണി മാത്രമേയുള്ളൂ എന്നറിയാമല്ലോ. എന്നാല്‍ ചിതല്‍ കോളനിയില്‍ റാണിക്ക് കൂട്ടായി രാജാവുമുണ്ട്. ഇരുവര്‍ക്കും ചിറകുകളുടെ സ്ഥാനത്ത് ചെറിയ മുനമ്പുകള്‍ ഉണ്ടായിരിക്കും.
- പ്രത്യുത്പാദനശേഷിയുള്ള ആൺ ചിതലുകൾ ജീവിതകാലം മുഴുവനും റാണിയുമായി ബന്ധപ്പെടുമത്രേ! എന്നാല്‍ അവയുടെ ശരീരവലിപ്പം റാണിയുടെതിനേക്കാള്‍ എത്രയോ കുറവാണ്.
- ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ റാണി വളരെയധികം മുട്ടകളിടുന്നു. പ്രതിദിനം രണ്ടായിരത്തിലധികം മുട്ടകൾ വരെ! വളരെ വലിയ അണ്ഡാശയങ്ങളാണ് റാണിക്കുണ്ടാവുക. ഇത് മൂലം റാണിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കും. കൂടുതല്‍ മുട്ടകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. വീര്‍ത്ത ഉദരവും കൊണ്ട് ചലിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ വേലക്കാരായ ചിതലുകള്‍ സഹായത്തിനായി വരുന്നു.
ചിതല്‍ റാണി |
- റാണിയുടെ ശരീരത്തില്‍ നിന്നും ഫിറമോണുകൾ എന്ന പ്രത്യേകതരം രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ചിതല്‍ കോളനിയില്‍ രാസസന്ദേശ വിനിമയത്തിന് ഇത് സഹായകമാകുന്നു. ജോലിക്കാരായ ചിതലുകള്‍ റാണിയെ നക്കിത്തുടയ്ക്കുമ്പോൾ ഫിറമോണുകൾ അവരിലെത്തുന്നു. ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അവയില്‍ നിന്നും ഫിറമോണുകൾ മറ്റു ചിതലുകളിലും എത്തുന്നു.
- റാണിയിൽ നിന്നുള്ള ഫിറമോണുകളുടെ അളവ് കുറയുമ്പോൾ കോളനിയിലെ കൂടുതല്‍ വളര്‍ച്ചയെത്തിയ ഒരു നിംഫ് പുതിയ റാണിയായി മാറുന്നു.
ഈയലുകള്‍ |
ഈയാം പാറ്റകള്‍ അഥവാ ചിറകുള്ള ചിതലുകള്‍
- മഴക്കാലത്ത് റാണിമാരുടെയും രാജാക്കന്മാരുടെയും എണ്ണം വളരെ വര്‍ദ്ധിക്കുന്നു. ആദ്യത്തെ റാണിയുടെ ഫിറമോണ്‍ ഉല്‍പ്പാദനം കുറയുമ്പോഴാണ് ഇത് സംഭവിക്കുക. തുടക്കത്തില്‍ ഇവക്ക് ചിറകുകള്‍ ഉണ്ടായിരിക്കും. ഇവയെ ഈയാംപാറ്റകള്‍ (ഈയലുകള്‍ ) എന്നാണു വിളിക്കാറ്. വളരെ നല്ല വികാസം പ്രാപിച്ച കണ്ണുകള്‍ ഇവയുടെ പ്രത്യേകതയാണ്. കൂട്ടില്‍ കൂടി നില്‍ക്കാന്‍ ഇടമില്ലാതെ വരുമ്പോള്‍ ഇവ കൂടുവിട്ടു പുറത്തു പോകുന്നു. ‘’സ്വാമിങ് (Swarming)‘’ എന്നാണു ഇതിനു പറയുക. ഇവ വേറൊരിടത്ത് പുതിയ കോളനി സ്ഥാപിക്കുന്നു. ആ സമയത്ത് സ്വന്തം ചിറകുകള്‍ പൊഴിച്ച് കളയുകയും ചെയ്യും. ഇനിയതിന്റെ ആവശ്യമില്ലല്ലോ.
- സന്ധ്യാസമയത്ത് ഈയലുകള്‍ കൂട്ടമായി പുറത്തിറങ്ങുന്നതും നമ്മുടെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി വരുന്നതും കണ്ടിട്ടില്ലേ? ദീപങ്ങള്‍ക്ക് ചുറ്റും ഇവ പറന്നു കളിക്കുന്നതും ഇണ ചേരുന്നതും തുടര്‍ന്ന് ചിറകു പൊഴിക്കുന്നതുമൊക്കെ സാധാരണ കാഴ്ചയാണ്. അവ ചിതലുകളാണെന്നു പലര്‍ക്കുമറിയില്ലെന്നു മാത്രം.
ജീവിതം തൊഴിലെടുക്കാന്‍ മാത്രം
ജോലിക്കാർ വിഭാഗത്തിൽ പെടുന്ന ചിതൽ |
- പ്രത്യുല്പാദന ശേഷിയും കാഴ്ച ശക്തിയും ഇല്ലാത്തവരാണ് ജോലിക്കാര്‍ . അവരുടെ ജീവിതം മുഴുവന്‍ ജോലി ചെയ്യാന്‍ വേണ്ടി വിധിക്കപ്പെട്ടതാണ് !! ഭക്ഷണം സംഭരിക്കുക, സൂക്ഷിക്കുക, റാണിയെയും കുഞ്ഞുങ്ങളെയും പരിപാലിക്കുക, കൂട് സംരക്ഷിക്കുക, കൂട്ടില്‍ ശരിയായ താപനില നില നിര്‍ത്തുക, ശരിയായ വായു സഞ്ചാരം ഉറപ്പു വരുത്തുക മുതലായ കാര്യങ്ങളൊക്കെ ജോലിക്കാര്‍ ഏറ്റെടുക്കുന്നു.
- തീര്‍ന്നില്ല, മറ്റു ചിതലുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതും ഇവര്‍ തന്നെ. എങ്ങനെയെന്നല്ലേ? ജോലിക്കാര്‍ ദഹിപ്പിച്ച ഭക്ഷണം വായിലൂടെയോ വിസർജ്ജ്യമായോ പുറത്തെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കുന്നു!! പട്ടാളക്കാരായ ചിതലുകള്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനുള്ള കഴിവില്ലാത്തതിനാല്‍ അവരെയും പ്രത്യേകം പരിഗണിക്കുന്നു.
പൊരുതാന്‍ ജനിച്ചവര്‍
- ചിതല്‍ കോളനിയെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രതിരോധസേനയാണ് പട്ടാളക്കാർ. ചിതലുകളുടെ പ്രധാന ശത്രുക്കൾ ഉറുമ്പുകളാണ്. പട്ടാളക്കാര്‍ നല്ല കരുത്തരായിരിക്കും. ഉറച്ച ശരീരവും വലിയ തലയും അവയുടെ സവിശേഷതകളാണ്. അവയുടെ താടിയിൽ കടിക്കാന്‍ സഹായിക്കുന്ന വലിയ മാൻഡിബിളുകൾ ഉണ്ടായിരിക്കും.
- പട്ടാളക്കാര്‍ക്ക് സ്വയം ഭക്ഷണം കഴിയ്ക്കാൻ കഴിയില്ല!!! കാരണം ഇവയുടെ വായ് ഭാഗം പ്രതിരോധത്തിന് വേണ്ടി സജ്ജമാക്കിയതാണ്.
- ചിതലുകളുടെ സാധാരണ ശത്രു ഉറുമ്പുകളാണ്. അടുക്കടുക്കായി നിന്നോ വരിയായി നിന്നോ അവ ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. മുന്നിലുള്ളവ ചാവുന്നതിനനുസരിച്ചു പിന്നിലുള്ളവ കയറുകയും അങ്ങനെ പോരാട്ടം തുടരുകയും ചെയ്യും.
- ചിലയിനം ചിതലുകളിലെ പട്ടാളക്കാരില്‍ ചാവേറുകളുമുണ്ട്. അവ തങ്ങളുടെ മാൻഡിബിളുകൾ സ്വയം അടർത്തി മാറ്റുന്നു. അപ്പോൾ ഒരു ദ്രാവകം ഊറിവരുകയും വായുവുമായി പ്രവര്‍ത്തിച്ച് പശിമയുള്ളതായി തീരുകയും ചെയ്യുന്നു. ഇത് അധിനിവേശം നടത്തുന്ന ശത്രുക്കളെ കുടുക്കി നിർത്താന്‍ സഹായിക്കുന്നു. അതേ സമയം മാൻഡിബിളുകൾ ഒഴിവാക്കിയ ചിതലുകള്‍ ചാവുകയും ചെയ്യും.
കുടിലല്ല, കൊട്ടാരം
- ചിതലുകളുടെ കൂടാണ് ചിതല്‍ പുറ്റുകള്‍ . മണ്ണ്, മണൽ, സസ്യഭാഗങ്ങൾ, പശിമയുള്ള ശരീരസ്രവങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ചിതലുകൾ കൂടുണ്ടാക്കുക.
- ചിലയിനം ചിതലുകളുടെ കൂട് വളരെയധികം സൌകര്യങ്ങള്‍ നിറഞ്ഞ ഒരു കൊട്ടാരം തന്നെയാണ്! ഒരിനം ആഫ്രിക്കന്‍ ചിതലുകളുടെ കൂട്ടില്‍ എന്തൊക്കെ സൌകര്യങ്ങളാണ് ഉള്ളതെന്ന് നോക്കൂ:
- കുഞ്ഞുങ്ങള്‍ക്ക് വളരാനുള്ള പ്രത്യേക മുറികള്‍
- ഫംഗസ് കൃഷി നടത്താനുള്ള ചിതല്‍ തോട്ടം
- ഭക്ഷണം സൂക്ഷിച്ചു വെക്കാനായി കലവറ
- റാണിക്ക് വസിക്കാനായി അന്ത:പുരം. കൂടിന്റെ മദ്ധ്യഭാഗത്താണ് ഏറ്റവും സുരക്ഷിതമായ ഈ അറ സജ്ജീകരിക്കുക. കൂടെ രാജാവും കാണും.
- വായുപ്രവാഹം ക്രമീകരിക്കാനുള്ള പ്രത്യേക കുഴലുകള്‍
- കൂട് തണുപ്പിക്കാനുള്ള പ്രത്യേക ചാലുകള്‍
- ഈയലുകള്‍ക്ക് പറന്നു പോകാന്‍ വേണ്ടി കൂടിന്റെ വശങ്ങളില്‍ പ്രത്യേകം ദ്വാരങ്ങള്‍ . ഈയലുകള്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഈ ദ്വാരങ്ങള്‍ അടക്കും.
ഒരു ചിതല്‍ പുറ്റിന്റെ ഉള്‍വശം |
- സാധാരണ 1-3 മീറ്റർ വരെയാണ് ഒരു ചിതല്‍ പുറ്റിന്റെ ഉയരം. എന്നാല്‍ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകളിൽ 9 മീറ്റർ വരെ ഉയരത്തിലുള്ള പുറ്റുകള്‍ ഉണ്ടത്രേ!! കേരളത്തിലെ സർപ്പക്കാവുകളിലും നല്ല ഉയരമുള്ള ചിതൽപ്പുറ്റുകൾ കാണാം.
ഞങ്ങളുടെ ഭക്ഷണം
- ചിതലുകള്‍ നോണ്‍ - സ്റ്റോപ്പ് തീറ്റക്കാരാണത്രേ. ഇരുപത്തിനാല് മണിക്കൂറും തീറ്റ തന്നെ തീറ്റ.
- പൊതുവേ സസ്യഭാഗങ്ങളാണ് ചിതലുകളുടെ ഭക്ഷണം. എന്നാല്‍ ഓസ്ട്രേലിയയിലെ മാസ്റ്റോടെർമസ് ഡാർവീനിയൻസിസ് എന്നയിനം ചിതലുകളുടെ മെനു നമ്മെ അമ്പരിപ്പിക്കും. മരം, മരം കൊണ്ടുണ്ടാക്കിയ ഉപകരണങ്ങള്‍, രോമം, ആനക്കൊമ്പ്, കാർഷികവിളകൾ, റബ്ബർ, തോൽ, വൈദ്യുതകമ്പികളുടെ ഇൻസുലേഷൻ മുതലായവ ഇവരുടെ ഇഷ്ട ഭോജ്യങ്ങളാണ്.
- സസ്യഭാഗങ്ങളില്‍ സെല്ലുലോസ് എന്ന പദാര്‍ത്ഥം ധാരാളമായി അടങ്ങിയിരിക്കുന്നു. മരത്തടി തിന്നുന്ന ചിതലുകള്‍ക്ക് സെല്ലുലോസിനെ ദഹിപ്പിക്കാന്‍ സ്വയം സാധ്യമല്ല. ഇതിനു വേണ്ടി അവയുടെ ശരീരത്തിനകത്ത് ട്രൈകോനിംഫ (Trichonympha) എന്ന ഇനത്തില്‍ പെട്ട ചിലയിനം പ്രോട്ടോസോവകള്‍ സഹായിക്കുന്നു. ഇവ ചിതലുകളുടെ ശരീരത്തില്‍ എങ്ങനെ എത്തിപ്പെടുന്നു എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ജോലിക്കാരായ ചിതലുകളുടെ ഭക്ഷണം അടങ്ങിയ വിസര്‍ജ്യം കുഞ്ഞു ചിതലുകള്‍ക്ക് (നിംഫ്) നല്‍കുമല്ലോ. അതിന്റെ കൂടെ ഈ സൂക്ഷ്മ ജീവികളും അവയുടെ ഉള്ളിലെത്തുന്നു. അങ്ങനെ എത്തിയില്ലെങ്കില്‍ മരത്തടിയും കടലാസുമൊന്നും തിന്നാന്‍ കഴിയാത്ത അവസ്ഥ വരും!! പ്രകൃതി ചെയ്യുന്ന ഓരോ സൂത്രങ്ങള്‍ അല്ലെ?
- ഇനി ചിതലുകളിലെ കൃഷിക്കാരെ പരിചയപ്പെടാം. ചിലയിനം ചിതലുകൾ പുല്ല്, സസ്യങ്ങളുടെ വേരുകള്‍ മുതലായവ കൊണ്ട് മെത്ത പോലെ കൃഷിയിടം ഉണ്ടാക്കുന്നു. എന്നിട്ട് അതിൽ ചിലയിനം പൂപ്പലുകളെ (ഫംഗസുകള്‍ ) വളർത്താറുണ്ട്. ഇതിനു പ്രത്യുപകാരമെന്നോണം ചിതലുകൾക്ക് ഫംഗസുകളിൽ നിന്നും പ്രയോജനപ്രദമായ മാംസ്യം (Protein) ലഭിക്കുന്നു.
ഞങ്ങളില്‍ നിങ്ങള്‍ക്ക് നന്മയുണ്ട് ...
- ചിതലുകള്‍ മനുഷ്യന് ദോഷം ഉണ്ടാക്കുന്നുവെന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ അവയെ കൊണ്ട് നമുക്കും പരിസ്ഥിതിക്കും ഒട്ടേറെ ഉപകാരങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുത്. മരങ്ങള്‍ വിഘടിക്കുവാനും മണ്ണു നിര്‍മ്മിക്കാനും ചിതലുകള്‍ വളരെയേറെ സഹായകരമാണ്.
- പല ജീവികള്‍ക്കും ചിതലുകള്‍ നല്ലൊരു ഭക്ഷണമാണ്. ഇരട്ടവാലൻ , നാട്ടുവേലിത്തത്ത പോലുള്ള പക്ഷികൾ ഈയലുകളെ ആഹാരമാക്കാറുണ്ട്.
- കേരളത്തിൽ പലയിടത്തും ചിതൽ പുറ്റിൽ നിന്നുള്ള മണ്ണു കൊണ്ട് നിലം മെഴുകാറുണ്ട്.
- ചിതൽപ്പുറ്റിലെ മണ്ണ് വിശിഷ്ടമായ ഒരു ഔഷധമാണെന്നു ആയുര്‍വേദം പറയുന്നു.
മറ്റു വിശേഷങ്ങള്‍
- രാമായണം രചിച്ച വാല്മീകി മഹര്‍ഷിയുടെ ശരീരം തപസ്സ് ചെയ്യവേ ചിതലുകൾ വന്നു മൂടി ചിതൽപ്പുറ്റുണ്ടാക്കിയെന്ന് ഐതിഹ്യമുണ്ട്.
- ലോകത്തുള്ള മൊത്തം ചിതലുകളുടെ ഭാരം മൊത്തം മനുഷ്യരുടെ ഭാരത്തെക്കാള്‍ വരുമത്രേ!
- ലോകത്ത് 2000 ത്തില്‍ അപരം ഇനം ചിതലുകളുണ്ട്.
- ചിതലുകളുടെ ബന്ധുക്കള്‍ ഉറുമ്പുകളല്ല, പാറ്റകളാണ്. ഉറുമ്പുകള്‍ ശത്രുക്കളാണ്.
- ഉണങ്ങിയ മരത്തില്‍ കാണപ്പെടുന്ന കാലോടെര്‍മിറ്റിഡുകള്‍ (Kalotermitidae or Dry wood termite) എന്നയിനം ചിതലുകളുടെ കോളനിയില്‍ ജോലിക്കാര്‍ എന്ന തസ്തിക പ്രത്യേകമായി ഇല്ല. പകരം കുഞ്ഞു ചിതലുകളെ കൊണ്ട് എല്ലാ പണിയുമെടുപ്പിക്കും. ബാലവേല അവിടെ നിയമ വിരുദ്ധമല്ല!!
- ഫോര്‍മോസന്‍ എന്നയിനം ചിതലുകളുടെ കോളനിക്ക് 300 അടി വരെ നീളം വരാറുണ്ട്.
ഈ ബ്ലോഗ് വളരെ നന്നായിരിക്കുന്നു. ആശംസകള്‍
ReplyDeleteഒരു വ്യത്യസ്തമായ മലയാളം ബ്ലോഗ്ഗ് ആശംസകള്‍
ReplyDelete