
ഒരു തുള്ളി രക്തം പോലും ചിന്താത്ത 'പാവം' ഭീകരനാണ് ഈച്ച. ആണും പെണ്ണും ഒരു പോലെ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മനുഷ്യന് ഭീഷണിയായി..!! രസകരമായ ചില ഈച്ചക്കാര്യങ്ങള്‍ വായിക്കൂ...
- വളരെയധികം രോഗകാരികളെ ഓരോ ഈച്ചയും വഹിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം ബാക്ടീരിയങ്ങള്‍ !! കോളറ, ടൈഫോയ്ഡ്, ഡയേറിയ, അമീബിക് ഡിസന്ററി, ക്ഷയരോഗം, ആന്ത്രാക്സ്, പ്ലേഗ്, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ മൊത്തവിതരണക്കാര്‍ ഈച്ചകളാണ്. നമ്മുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ കൊണ്ടാണ് ഇത്തരം രോഗങ്ങള്‍ അവക്ക് പരത്താന്‍ സാധിക്കുന്നത്. അതായത് വൃത്തിയില്ലാത്ത ജീവിതരീതി തന്നെ. രോഗാണുക്കള്‍ ധാരാളമായി കാണപ്പെടുന്ന വിസര്‍ജ്യങ്ങള്‍ , കഫം, വ്രണങ്ങളിലെ ദ്രവം, പഴകിയ ആഹാരം, മുട്ട, മാംസം തുടങ്ങിയവയില്‍ ഈച്ചകള്‍ വന്നിരിക്കുന്നു. രോഗാണുക്കള്‍ അവയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. നാം കഴിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ തുറന്നു വെച്ചാല്‍ ഈച്ചകള്‍ ഈ രോഗാണുക്കളെയും കൊണ്ട് അതില്‍ ലാന്റു ചെയ്യുന്നു. നാം അതും കൂട്ടി ഭക്ഷണം വിഴുങ്ങുന്നു.
- 10-15 മിനുട്ട് ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കുന്നവരാണ് ഈച്ചകള്‍ . പഞ്ചസാരത്തരികള്‍ മുതലായ ഖരരൂപത്തിലുള്ള ആഹാരം ആണെങ്കില്‍ ഈച്ച ആദ്യമതിനെ തന്റെ ഉമിനീര് കൊണ്ട് നനച്ചു ദ്രവരൂപത്തിലാക്കുന്നു. ഈച്ചക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ വിഴുങ്ങാന്‍ കഴിയൂ. അതിനാല്‍ കഴിച്ച ആഹാരത്തെ വീണ്ടും പുറത്തെടുത്ത് (Regurgitation) ദ്രവരൂപത്തിലാക്കുന്നു. ശേഷം വീണ്ടും വിഴുങ്ങുന്നു.
- ഒരു ഈച്ചയുടെ പരമാവധി ആയുസ്സ് നാലാഴ്ചയാണ്. ചെളിയിലും അഴുക്കിലുമാണ് മുട്ടയിടുക. മുട്ട വിരിഞ്ഞു വരുന്ന ചെറിയ പുഴുക്കളെ മാഗ്ഗട്ട് (Maggot) എന്നാണു പറയുക. ഇത് പിന്നീട് പ്യൂപ്പ എന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ ഈച്ചയായി മാറുകയും ചെയ്യുന്നു.
- 2 ഈച്ചകള്‍ ഒരു മാസം കൊണ്ട് എത്രയെണ്ണമായി പെരുകും?
191,000,000,000,000,000,000 എണ്ണം !!!
അഞ്ചു മാസം കൊണ്ട് ഭൂമിയെ മൊത്തം 14 മീറ്റര്‍ ആഴത്തില്‍ മൂടുവാന്‍ മാത്രം ഇവ പെരുകുമാത്രേ. നാം അനുവദിക്കുകയാണെങ്കില്‍ .
- മണിക്കൂറില്‍ 7 കി.മി വേഗത്തിലാണ് സാധാരണ ഒരു ഈച്ച പറക്കുന്നത്. ഇതത്ര നിസ്സാരമല്ല. കാരണം ശരീരവലിപ്പത്തിന്റെ 300 ഇരട്ടി ദൂരമാണ് ഒരു സെക്കന്റ് കൊണ്ടത് താണ്ടുന്നത്. ശബ്ദത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ജെറ്റ് വിമാനങ്ങള്‍ പോലും അതിന്റെ നീളത്തിന്റെ 100 ഇരട്ടി ദൂരം മാത്രമാണ് ഒരു സെക്കന്റ് കൊണ്ട് താണ്ടുന്നത്.
- ഈച്ചയുടെ ഓരോ കണ്ണിലും 4000 ചെറു ലെന്‍സുകള്‍ ഉണ്ട്. ഇവക്ക് കാഴ്ച കുറവാണെങ്കിലും നേരിയ ചലനങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അത് കൊണ്ടാണ് ഇവയെ പെട്ടെന്ന് പിടിക്കാന്‍ നമുക്ക് സാധിക്കാത്തത്.
- മൂക്കല്ല, കാലുകളാണ് ഈച്ചയുടെ ഗന്ധമറിയാനുള്ള അവയവം. നമ്മുടെ നാക്കിനേക്കാള്‍ മികച്ച രീതിയില്‍ മധുരവും മറ്റും തിരിച്ചറിയാന്‍ അവക്ക് ഈ കാലുകള്‍ മതി!!
- കുറ്റാന്വേഷണവും ഈച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരു ശവശരീരം കണ്ടാല്‍ അതിന്റെ പഴക്കം മനസ്സിലാക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ ഈച്ചകളെ ആശ്രയിക്കുന്നു. ചീഞ്ഞു തുടങ്ങിയ ശവത്തിനു ചുറ്റുമുള്ള ഈച്ചകളുടെയും അവയുടെ ലാര്‍വകളുടെയും എണ്ണവും തരവും കണക്കാക്കി മരണസമയം കൃത്യമായി കണ്ടെത്താന്‍ സാധിക്കും!! ഇത് കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായ തെളിവാകുമല്ലോ.
- കൊഫിന്‍ ഫ്ലൈ എന്ന ഈച്ച ജീവിക്കുന്നത് എവിടെയാണെന്നറിയുമോ? ശവപ്പെട്ടിക്കകത്ത്!! അടച്ചിട്ട ശവപ്പെട്ടിയില്‍ ശവശരീരം ഭക്ഷിച്ചു കൊണ്ട് ഒരു വര്ഷം വരെ ഇവ സുഖമായി കഴിയും. ഈച്ചകള്‍ പെരുകി ശവപ്പെട്ടി നിറയുന്ന അവസ്ഥയുമുണ്ട്.
- ഉപ്പുമാങ്ങാ ഭരണിക്ക് ചുറ്റും ചീഞ്ഞ പഴവര്‍ഗങ്ങള്‍ക്ക് മുകളിലുമൊക്കെ പാറി നടക്കുന്ന ചെറിയ ഇനം ഈച്ചയാണ് പഴയീച്ച (ഡ്രോസോഫില). ഇവയുടെ മുട്ട വിരിഞ്ഞു ചെറിയ ലാര്‍വകള്‍ (പുഴുക്കള്‍ ) ഉണ്ടാകുന്നു. ഈ പുഴുക്കളുടെ താമസം ഉപ്പ് മാങ്ങാ ഭരണിക്കകത്താണ്!